കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിൽ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡർ സ്ത്രീകൾ എത്തിയെന്ന വാർത്തയും തുടർന്നുണ്ടായ പോലീസ് നടപടിയും ഏറെ ചർച്ചയായിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻഡറുകളായ രണ്ട് പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം നടപടികൾ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി എത്തിയ സ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കറുത്ത വസ്ത്രം ധരിപ്പിച്ച് ഇവരെ യോഗവേദിയിൽ എത്തിച്ചത്. എന്തുകൊണ്ടാണ് അത്തരം പാവങ്ങളായ തിരഞ്ഞെടുത്ത് പറഞ്ഞയച്ചതെന്നും അവരെ ജനങ്ങളുടെ മുന്നിൽ വച്ച് പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആർ.എസ്.എസിനെതിരെ വിമർശനവുമായി ഇ.പി ജയരാജൻ രംഗത്തെത്തിയത്.