Spread the love

ചൈന: ചൈന കടുത്ത വെള്ളപ്പൊക്കത്തിൽ വലയുകയാണ്. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ട്. പതിനായിരക്കണക്കിന് ആളുകളെ വിവിധ സ്ഥലങ്ങളിലായി ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പേൾ നദിയിൽ വെള്ളം ഉയരുന്നതിനാൽ നിർമ്മാണ സൈറ്റുകളും ഭീഷണിയിലാണ്.

മെയ് ആദ്യം മുതൽ ജൂൺ പകുതി വരെ ഗുവാങ്ഡോങ്, ഫുജിയൻ, ഗുവാങ്‌ക്സി പ്രദേശങ്ങളിൽ ലഭിച്ച ശരാശരി മഴ 621 മില്ലിമീറ്റർ ആയിരുന്നു. 1961ന് ശേഷം രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണിത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഗുവാങ്ഡോങ്ങിലെ സ്കൂളുകൾ താൽക്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റി. ഗുവാങ്സി പട്ടണത്തിലൂടെ ചെളിവെള്ളം ഒഴുകുന്നു. 2005ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ ലഭിച്ചത്.

200,000ത്തിലധികം പേരെ ഒഴിപ്പിച്ചതായി ഗുവാങ്ഡോങ് അധികൃതർ അറിയിച്ചു. ആകെ 5 ലക്ഷം പേരെയാണ് പ്രളയം വിവിധ തരത്തിൽ ബാധിച്ചത്. 1.7 ബില്യൺ യുവാൻ്റെ നഷ്ടമുണ്ടായി. ഷാവോഗ്വാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

By newsten