Spread the love

നന്ദേദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്‍റിൽ എന്താണ് നടക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ച രാഹുൽ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് രാഹുല്‍ സംസാരിച്ചത് പുറത്തേക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല. രാഹുൽ വീണ്ടും മൈക്ക് ഓണാക്കി പ്രസംഗം തുടർന്നു. ഇവിടെ മൈക്കിന്റെ നിയന്ത്രണം തനിക്കാണെന്നും പാര്‍ലമെന്റില്‍ അങ്ങനെയല്ലെന്നും രാഹുല്‍ പറഞ്ഞു.

പാർലമെന്‍റിൽ, അവർ രണ്ട് മിനിറ്റിനുള്ളിൽ മൈക്ക് ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, മൈക്ക് ഓഫ് ആണ്. ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറി പിടിച്ചെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, മൈക്ക് ഓഫാണ്. എന്തും പറയാം, പക്ഷേ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യം കാരണമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു.

തിങ്കളാഴ്ച യാത്ര മഹാരാഷ്ട്രയിലെത്തി. എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവർ വെള്ളിയാഴ്ച യാത്രയിൽ പങ്കെടുക്കും.

By newsten