ദുബൈ: വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ദുബായ് വിമാനത്താവളത്തിൽ നിന്നും ഷൈനെ ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്.
തന്റെ പുതിയ ചിത്രമായ ഭാരത് സർക്കസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയതായിരുന്നു ഷൈൻ. വീട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിലാണ് കോക്ക്പിറ്റില്‍ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതും. വിമാനത്താവളത്തിൽ നിന്ന് ഷൈനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അടുത്ത നടപടി എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലാണ് ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിലെടുത്തത്. ഷൈൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൽ കയറാനിരിക്കുകയായിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമായിരുന്നു ഇത്. സംഭവത്തെ തുടർന്ന് ഷൈനിനെ മാത്രം കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ള അണിയറപ്രവര്‍ത്തകര്‍ അതേ വിമാനത്തിൽ നാട്ടിലേക്ക് പോകുകയും ചെയ്തു.