തിരുവനന്തപുരം: കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. “അത്തരം ഒരു കത്ത് എഴുതുകയോ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
കത്തിന്‍റെ ഉറവിടവും കത്തിന്‍റെ സത്യാവസ്ഥയും പരിശോധിക്കണം. ഇത് ഉപയോഗിച്ച്, ചില ഇടങ്ങളിൽ നിന്ന് മേയർ എന്ന നിലയിൽ വ്യക്തിപരമായും പരോക്ഷമായും അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. ഇതിന്‍റെ ഉറവിടം കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി”. മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇത്രയും ഗൗരവമേറിയ വിഷയമായതിനാലാണ് ആഭ്യന്തരമന്ത്രിയുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതെന്നും ആര്യ പറഞ്ഞു.
അത്തരമൊരു കത്ത് നൽകുന്ന ശീലം സി.പി.എമ്മിനില്ല. എന്തടിസ്ഥാനത്തിലാണ് കത്തയച്ചതെന്ന് അന്വേഷിക്കണമെന്നും ആര്യ ആവശ്യപ്പെട്ടു. ലെറ്റർഹെഡ് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തിൽ കണ്ടെത്തണം. ഒപ്പ് വ്യക്തമല്ല. മേയർ എന്ന നിലയിൽ, കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ മേയറുടെ ഓഫിസിനെ സംശയിക്കേണ്ട കാര്യമില്ലെന്നും ആര്യ പറഞ്ഞു.