തിരുവനന്തപുരം: നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. കൗൺസിൽ യോഗം ശനിയാഴ്ച വൈകീട്ട് നാലിന് ചേരുമെന്ന് മേയർ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യ പ്രകാരമാണ് തീരുമാനം. അതേസമയം വിജിലന്‍സ് കൂടുതൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനാണ് സാധ്യത.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ, ഡി.ആർ അനിൽ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരനും മുൻ കൗൺസിലറുമായ ജി.എസ്.ശ്രീകുമാറിന്റെ മൊഴി വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് രേഖപ്പെടുത്തി. കത്തുകൾക്ക് പിന്നിൽ അഴിമതിയുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കോര്പ്പറേഷന് നിയമനങ്ങളില്‍ സ്വജനപക്ഷപാതവും ഗുരുതരമായ അഴിമതിയും നടക്കുന്നെന്നാണ് പരാതിക്കാരന് ജി.എസ്.ശ്രീകുമാര്‍ മൊഴി നൽകിയത്.
അതേസമയം, നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. കോർപ്പറേഷന് മുന്നിലെ സമരത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കവും യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. മേയറെ സംരക്ഷിക്കാനും രാഷ്ട്രീയ പ്രതിരോധം അവസാനിപ്പിക്കാനുമാണ് സിപിഎമ്മിന്റെ നീക്കം.