വൈകല്യം ബാധിച്ചവർക്കും ഈ ഭൂമിയിൽ പലതും നേടാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു യുവാവ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി ഭാവക്ക് തന്റെ ഇരുകാലുകൾക്കും ചലനശേഷിയില്ലെങ്കിലും അതെല്ലാം മറന്ന് വാഹനമോടിച്ച് അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം
ഇത്തരം വൈകല്യമുള്ളവർക്ക് വാഹനമോടിക്കണമെങ്കിൽ പ്രത്യേക അനുമതിയോടെ വൻതുക ചിലവാക്കി അനുയോജ്യമായ സൗകര്യങ്ങൾ തയ്യാറാക്കേണ്ടി വരും. എന്നാൽ വെറും മൂന്ന് കമ്പിക്കഷ്ണങ്ങൾ ഉപയോഗിച്ച് ആക്സിലേറ്റർ,ബ്രേക്ക്,ക്ലച്ച് എന്നിവയെല്ലാം കൈകൊണ്ട് നിയന്ത്രിച്ച് മനസാന്നിധ്യം കൈമുതലാക്കി അദ്ദേഹം സ്റ്റീയറിംഗ് തിരിക്കും.തിരക്കുള്ളതും,ദുർഘടമേറിയതുമായ പാതകളിലൂടെ അനായാസം വാഹനമോടിച്ച് കിലോമീറ്ററുകളോളം അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
മൂന്നാമത്തെ വയസ്സിലാണ് പോളിയോ ബാധിച്ച് അലിഭാവയുടെ ഇരുകാലുകളും തളർന്നുപോകുന്നത്. വൈകല്യം ബാധിച്ച് നാല് ചുവരുകൾക്കുള്ളിൽ ജീവിതം അവസാനിച്ചുവെന്ന് കരുതുന്നവരോട് ഉള്ളിലെ കഴിവിനെ വിശ്വസിച്ച് മുന്നോട്ടു വരാനാണ് അദ്ദേഹം പറയുന്നത്. ഉമ്മയും,ബാപ്പയും, സഹോദരനും, നാല് മക്കളും ഭാര്യയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. അലിഭാവക്ക് വേണ്ട പരിചരണവും, സ്നേഹവും നൽകി അവർ നിഴൽപോലെ കൂടെയുണ്ട്.