തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചയിൽ എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡിങ് ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനം. പൊലീസിനെ ആഭ്യന്തര വകുപ്പ് നിലയ്ക്കു നിർത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. എൽഡിഎഫിന്‍റെ പ്രവർത്തനഫലമായി അധികാരത്തിൽ വന്ന സർക്കാരിനെ പിണറായി സർക്കാർ എന്ന് വിളിക്കുന്നതിനാണ് വിമർശനം.
സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡിങ് ചെയ്യാനാണ് സിപിഎം ബോധപൂർവം ശ്രമിക്കുന്നത്. ഒരു എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇതുവരെ കണ്ടിട്ടില്ലാത്ത ഈ പ്രവണത തിരുത്തേണ്ടതുണ്ട്. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
എൽഡിഎഫിന്റെ കെട്ടുറപ്പു നിലനിർത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണം. ജനകീയ പ്രശ്നങ്ങളിൽ ബ്രാഞ്ച് കമ്മിറ്റികൾ ഇടപെടുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ശാഖകൾ കണ്ടുമുട്ടുന്നതിൽ പരാജയപ്പെടുന്നു. പാർട്ടി അംഗത്വം വർദ്ധിപ്പിക്കാത്തത് ബ്രാഞ്ച് കമ്മിറ്റികളുടെ വീഴ്ചയാണെന്നാണ് വിമർശനം.