പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിൽ കഷ്ണങ്ങളാക്കി തള്ളിയ സംഭവത്തിൽ ഒരാൾ ഡൽഹിയിൽ അറസ്റ്റിൽ. തുടർ ച്ചയായി 18 ദിവസം രാത്രി രണ്ട് മണിക്ക് ഇയാൾ ഡൽഹിയിലെ മെഹ്റൗലി വനത്തിൽ തന്‍റെ പങ്കാളിയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. അഫ്താബ് അമീൻ പുനവാലയാണ് കുറ്റകൃത്യം ചെയ്തത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് അഫ്താബിന്‍റെ കൂടുതൽ പ്രസ്താവനകൾ പുറത്തുവന്നിട്ടുണ്ട്. ശ്രദ്ധയുടെ മരണശേഷം മൃതദേഹം 35 കഷണങ്ങളായി മുറിച്ച് അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിനായി മാത്രം അഫ്താബ് 300 ലിറ്ററിന്‍റെ പുതിയ റഫ്രിജറേറ്റർ വാങ്ങി. ദുർഗന്ധത്തിനുള്ള സാധ്യത ഇല്ലാതാക്കാൻ ചന്ദനത്തിരികൾ കൂട്ടത്തോടെ കത്തിച്ചു. അടുത്ത 18 ദിവസങ്ങളിൽ ഇയാള്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ മെഹ്റൗലി വനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു.
സീരിയൽ കില്ലർ ഡെക്സ്റ്റർ മോർഗന്‍റെ കഥ പറയുന്ന അമേരിക്കൻ ടിവി പരമ്പരയായ ‘ഡെക്സ്റ്ററി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്‍റെ പ്രാഥമിക മൊഴി. ഫോറൻസിക് വിദഗ്ധനായ ഡെക്സ്റ്റർ മോർഗൻ രാത്രിയിൽ ഒരു സീരിയൽ കില്ലറായി മാറുന്നതായിരുന്നു പരമ്പരയുടെ പ്രമേയം. നേരത്തെ ഷെഫായി ജോലി ചെയ്തിരുന്ന പരിചയത്തിലാണ് അഫ്താബ് മൃതദേഹം 35 കഷണങ്ങളായി മുറിച്ചതെന്നും പൊലീസിനോട് പറഞ്ഞു.