Spread the love

ധോണിയിൽ പ്രഭാത സവാരിക്ക് പോയയാളെ കാട്ടാന ചവിട്ടിക്കൊന്നെന്ന വാർത്ത സങ്കടകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർക്കും വനംവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വന്യമൃഗശല്യം തടയാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും സി.പി.എം പ്രവർത്തകരും ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുകയാണ്. അകത്തേത്തറ, പുതുപെരിയാരം പഞ്ചായത്തുകളിൽ ഇന്ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് ഫോറസ്റ്റ് ഓഫീസറോട് സംസാരിച്ചപ്പോൾ ‘എന്തിനാണ് റോഡിൽ നടക്കാൻ പോയത്’ എന്നായിരുന്നു ചോദ്യം എന്നാണ് നാട്ടുകാർ പറയുന്നത്. കുങ്കിയാനയ്ക്ക് ഫോറസ്റ്റ് അധികൃതർ നൽകുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആനയാണ് കൊന്നത്. വനംവകുപ്പ് തീറ്റിപ്പോറ്റുന്ന കാട്ടാനയാണ് ഞങ്ങളെ കൊന്നത്. മനുഷ്യനെ കൊന്നതിന് വന്യമൃഗമല്ല, വനം വകുപ്പാണ് ഉത്തരവാദി എന്ന് നാട്ടുകാർ പറയുന്നു.

By newsten