Spread the love

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകൾ കേരളത്തിന് ഗുണം ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.കെ.നായനാരും ഗൗരിയമ്മയും അമേരിക്കയിലെ സിലിക്കൺ വാലി സന്ദർശിച്ചതിന്റെ ഫലമായാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് ടെക്നോപാർക്ക് സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ സമയം പാഴാക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1993 ലും 1995 ലും നെതർലൻഡ്സിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവർ ‘റൂം ഫോർ റിവർ പ്രോജക്റ്റ്’ ആവിഷ്കരിച്ചു. ഏറെക്കാലത്തിന് ശേഷം 2016 ലാണ് ഇത് പൂർത്തിയാക്കിയത്. അത് ഇവിടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഗുണം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ യാത്രക്കിടെ മുഖ്യമന്ത്രി ഫിൻലാൻഡിലെ പ്രശസ്തമായ വിദ്യാഭ്യാസ മോഡൽ പഠിക്കും. ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയൻസ് സെന്‍ററും അദ്ദേഹം സന്ദർശിക്കും. കമ്പനികളുടെ മേധാവികളുമായി ചർച്ച നടത്തും.

സമുദ്രമേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് നോര്‍വേയില്‍ പോകുന്നത്. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ അദ്ദേഹം പരിശോധിക്കും. ഫ്രഞ്ച് ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നതിനായി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം പാരീസിലേക്ക് പോകുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

By newsten