സൈനികർ ഒരു രാജ്യത്തിന്റെ സംരക്ഷകരാണ്. രാജ്യം അവരെ വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നത്. അവരുടെ സഹിഷ്ണുതയും രാജ്യത്തോടുള്ള പ്രതിബദ്ധതയുമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. പകരം അത് അവർക്കും നൽകാൻ നമ്മളോരോരുത്തരും കടപ്പെട്ടിരിക്കുന്നു. ആംബുലൻസിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞിൻ ഭക്ഷണം നൽകുന്ന ചിത്രങ്ങൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഓരോ സൈനികന്റെയും ജീവിതം, മാനസിക സമ്മർദ്ദങ്ങളിലും, സഹാനുഭൂതി കൈവിടാതെയാണ് കടന്നുപോകുന്നതെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ.
ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. കൈയിൽ കുഞ്ഞുമായി ഒരു സൈനികൻ ആംബുലൻസിന് പിന്നിൽ ഇരിക്കുന്നത് ചിത്രങ്ങളിൽ കാണാം. കൈയിൽ ഒരു തുണിയുമായി മറ്റൊരു ഉദ്യോഗസ്ഥൻ അരികിൽ നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം. ‘വികാരങ്ങളും കടമയും കൈകോർക്കുമ്പോൾ, ഇന്ത്യൻ സൈന്യത്തിന് ഹാറ്റ്സ് ഓഫ്’ എന്ന അടിക്കുറിപ്പോടെയാണ് ഹർഷ് സംഘവി ചിത്രം പങ്കുവച്ചിരിക്കുന്നത്.