വടകര: ഇനി കണ്ണൂരിലേക്കുള്ള വഴിയിൽ ‘കുപ്പി കഴുത്ത്’ ആയി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും നമുക്ക് മറക്കാം. അഴിയൂർ മുതൽ മുഴപ്പിലങ്ങാട് വരെ 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പണി 90 ശതമാനം പൂർത്തിയായി. മൂന്ന് മാസത്തിനകം റോഡ് തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. വടക്കൻ കേരളത്തിലെ ആദ്യത്തെ നാലുവരിപ്പാതയാണിത്.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പാത വികസന പദ്ധതി പ്രകാരം 1,300 കോടി രൂപ ചെലവഴിച്ചാണ് 18.6 കിലോമീറ്റർ ബൈപാസ് നിർമ്മിച്ചത്. 40 വർഷം മുൻപാണ് ബൈപ്പാസിനായുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചത്. ഇത് പൂർത്തിയാക്കി 2017 ഡിസംബറിൽ പണി ആരംഭിച്ചു. 30 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ട് വർഷത്തെ പ്രളയവും കൊവിഡും കാരണം നിർമ്മാണം വൈകുകയായിരുന്നു. എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ആൻഡ് ജി.എച്ച്.വി. ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പണികൾ നടത്തുന്നത്.