കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണക്കോടതിയിലായിരിക്കുമ്പോഴും ഫോണിൽ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ. സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്നാണ് പ്രോസിക്യൂഷന്റെ വാദം. തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ സുപ്രീം കോടതി ഉത്തരവ് പ്രോസിക്യൂഷൻ ആയുധമാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറൻസിക് പരിശോധനയിലാണ് മെമ്മറി കാർഡ് വിവോ ഫോണിൽ ഉപയോഗിച്ചതായി കണ്ടെത്തിയത്.
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനം നടന്നെന്ന വാദം അന്വേഷണ സംഘം മുന്നോട്ടുവെയ്ക്കുക. 2019 സെപ്റ്റംബറിലാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. അന്ന് അതിജീവിത കേസിൽ കക്ഷി ചേരുകയും ദൃശ്യങ്ങൾ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും പറഞ്ഞിരുന്നു.
പ്രതികളേയും മറ്റും ദൃശ്യങ്ങൾ കാണിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് അന്ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. മെമ്മറി കാർഡിലെ ഉള്ളടക്കം പകർത്താൻ സാധ്യതയുള്ളതിനാൽ ദൃശ്യങ്ങൾ കാണിക്കുമ്പോൾ പ്രതിഭാഗം മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.