Spread the love

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഈ മാസത്തെ വരുമാനം ജൂലൈ 5 ന് ശമ്പളം നൽകുന്നതിലേക്ക് മാറ്റണം. കെ.എസ്.ആർ.ടി.സിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്നും കോടതി പറഞ്ഞു. അതേസമയം, ഒരു ദിവസം കുറഞ്ഞത് എട്ട് കോടി രൂപയെങ്കിലും ലഭിച്ചാൽ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജിയിൽ വിശദമായ വാദം കേട്ടു. കെ.എസ്.ആർ.ടി.സി അഞ്ചിനുമുമ്പ് ജീവനക്കാരുടെ ശമ്പളം നൽകണമെന്ന ഇടക്കാല ഉത്തരവാണ് കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. അതോടൊപ്പം, ജീവനക്കാരുടെ ശമ്പളം നൽകുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു.

നിലവിൽ 3,500 കോടിയിലധികം രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുള്ളത്. ഈ നഷ്ടം നികത്താതെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. അതേസമയം, എല്ലായ്പ്പോഴും സർക്കാരിൽ നിന്ന് പണം വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ കഴിയില്ല. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു.

By newsten