Spread the love

തിരുവമ്പാടി: സിനിമാഹാളിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോളാമ്പിയിൽ നിന്നും നിർത്താതെയുള്ള സിനിമാഗാനങ്ങൾ,ടിക്കറ്റെടുക്കാൻ നേരമായെന്നറിയിച്ചുള്ള മണിയൊച്ച, ഒടുവിൽ തിക്കിലും തിരക്കിലും പെട്ട് ആർപ്പുവിളികൾക്കും,കയ്യടികൾക്കുമൊപ്പം തിയേറ്ററിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം,ആ ഗൃഹാതുരതകൾ വീണ്ടുമെത്തുകയാണ് ഫുട്ബോളിന്റെ രൂപത്തിൽ. നെഞ്ചിൽ കൊണ്ട് നടക്കുന്ന മെസ്സിയെയും, നെയ്മറും, റൊണാൾഡോയുമെല്ലാം ബിഗ്സ്ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് ഒരു നാട്.

വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിയ ഹാരിസൺ തിയേറ്റർ ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് മാത്രമായി വീണ്ടും തുറക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. കോവിഡ് പ്രതിസന്ധിയെതുടർന്ന് നാലരപതിറ്റാണ്ട് പഴക്കമുള്ള തിയേറ്റർ അടച്ചപ്പോൾ തിരുവമ്പാടി കോസ്മോസ് ഫുട്ബോൾ ക്ലബ്ബാണ്‌ കാൽപ്പന്ത് കളിയുടെ ആവേശം തിയേറ്ററിലെത്തിക്കാൻ മുൻകൈയെടുത്തത്.

ഉടമയായ പി.ടി. ഹാരിസ് പൂർണ്ണമനസ്സോടെ തിയേറ്റർ വിട്ടു നൽകുകയും ചെയ്തു. ടിക്കറ്റ് നിരക്കൊന്നുമില്ലാതെ,സംഭാവനകൾ മാത്രം സ്വീകരിച്ചായിരിക്കും മത്സരങ്ങൾ പ്രദർശിപ്പിക്കുകയെന്ന് കോസ്മോസ് ക്ലബ്ബ് രക്ഷധികാരി കെ.മുഹമ്മദലി അറിയിച്ചു.

By newsten