Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് മാത്യു കുഴൽനാടൻ എം.എൽ.എ. വീണാ വിജയന്റെ കമ്പനിയുടെ മെന്‍റർ ആണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാറെന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തെന്ന ആരോപണം അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റിലെ മുൻപ് ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴൽനാടൻ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പുറത്തുവന്നതോടെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തി വീണ്ടും ലഭ്യമായെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

വീണാ വിജയൻ നടത്തുന്ന ഐ.ടി കമ്പനിയായ എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജെയ്ക് ബാലകുമാർ. അദ്ദേഹം ഒരു മെന്ററുടെ സ്ഥാനത്താണ്, ഒരു വഴികാട്ടിയായി നിലകൊള്ളുകയും തന്റെ അറിവ് കൊണ്ട് നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെന്നും വെബ്സൈറ്റ് പരാമർശിക്കുന്നു. വെബ്സൈറ്റ് 107 തവണ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിവാദത്തെ തുടർന്ന് 2020 മേയിൽ വെബ്സൈറ്റ് ഡൗൺ ആവുകയും ജൂണിൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജെയ്ക് ബാലകുമാറിനെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്.

By newsten