തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വലിയ നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ തൊഴിലാളി യൂണിയനുകൾ ഇടപെടുന്ന സാഹചര്യമുണ്ട്. തൊഴിലുടമകൾക്ക് സംരംഭത്തിൽ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കാൻ അവകാശമുണ്ട്. ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കുന്നത് തെറ്റായ പ്രവണതകളിലേക്ക് നയിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ ലേബർ കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് യോഗത്തിലാണ് ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ സംസ്ഥാനത്തിന്‍റെ വികസന സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന ഇത്തരം ഇടപെടലുകൾ ഒരു ഭാഗത്തുനിന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ അന്തരീക്ഷത്തിൽ ആരോഗ്യകരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ബോർഡ് വിലയിരുത്തി.
സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിന് രൂപീകരിച്ച സമിതിയുടെ യോഗം മൂന്ന് മാസത്തിലൊരിക്കൽ ചേരാൻ തീരുമാനിച്ചു. തോട്ടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തൊഴിൽ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി തീരുമാനമെടുക്കും. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ചെയർമാൻമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. മിനിമം വേതനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി പരിഗണിക്കും. പരമ്പരാഗത തൊഴിൽ മേഖലകളെ ആധുനികവത്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.