തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിലെ അംഗത്വത്തിന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൂൺ 21 വരെ അപേക്ഷിക്കാം. ഓരോ സ്കൂളിലെയും ക്ലബ്ബുകളിലേക്ക് അപേക്ഷകരിൽ നിന്ന് നിശ്ചിത എണ്ണം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ രണ്ടിന് സംസ്ഥാന തലത്തിൽ നടക്കും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോമിൽ കുട്ടികൾ പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകണം.
സോഫ്റ്റ് വെയർ അടിസ്ഥാനമാക്കി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പ്രത്യേക ക്ലാസ് സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹാർഡ് വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകുക, സ്കൂൾ ടിവി എന്നിവ പോലുള്ള നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തുന്നു.