പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വീട്ടിലും ഓഫീസിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്വപ്നയുടെ ഫ്ലാറ്റിന് 24 മണിക്കൂറും പൊലീസ് കാവൽ നിൽക്കും. കഴിഞ്ഞ ദിവസങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന കോടതിയിൽ ഹർജിയും നൽകിയിരുന്നു.
ഇതേതുടർന്നാണ് സ്വപ്നയുടെ വീട്ടിൽ പൊലീസ് സുരക്ഷ കർശനമാക്കിയത്. സ്വപ്നയുടെ ഓഫീസിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എല്ലാം പറയാമെന്നായിരുന്നു സ്വപ്നയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദൂതൻ ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.
പാലക്കാട്ട് വാർത്താസമ്മേളനം വിളിച്ച് ശബ്ദരേഖ സ്വപ്ന പുറത്തുവിടും. എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്ന് വ്യാഴാഴ്ച വൈകിട്ട് പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സ്വപ്ന പറഞ്ഞിരുന്നു. തങ്ങളുടെ സുഹൃത്ത് കൂടിയായ ഷാജ് കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിക്കാനെത്തിയതാണെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു.