സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടക്കുന്നത്.
മുഖ്യമന്ത്രിക്കും മകൾക്കും ഭാര്യയ്ക്കും മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും മുൻ മന്ത്രിമാർക്കും വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്കുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലായതിനാൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ മൊഴി പകർപ്പ് പരിശോധിച്ച് തുടരന്വേഷണം നടത്താനാണ് ഇഡിയുടെ നീക്കം. സ്വർണക്കടത്ത് അന്വേഷണ വേളയിൽ സ്വപ്ന സമാനമായ രഹസ്യമൊഴി കസ്റ്റംസിൻ നൽകിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം അന്വേഷണം നടത്തിയിരുന്നെങ്കിലും 2016ലെ സംഭവത്തിൻ തെളിവൊന്നും ലഭിച്ചില്ലെന്നും കോൺസുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. അന്നുതന്നെ സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസ് മൊഴിയുടെ പകർപ്പിനെ എതിർക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കടത്തിയെന്നതുൾപ്പടെയുള്ള പുതിയ ആരോപണങ്ങളും മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് നേരിട്ട് കോടതിയിൽ നൽകിയ മൊഴിയായതിനാൽ ഇ.ഡിക്ക് എതിർപ്പില്ലാതെ മൊഴിയുടെ പകർപ്പ് ലഭിക്കും. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനാണ് ഇഡി ആലോചിക്കുന്നത്.