Spread the love

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഡാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യപ്പെടേണ്ടവരുടെയും പുതിയ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെയും പട്ടിക നാളെ തീരുമാനിക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ഗൂഡാലോചന കേസ് അന്വേഷിക്കുന്ന 12 അംഗ സംഘത്തെ സംബന്ധിച്ച് നാളെ നിർണായക യോഗമാണ് ചേരുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള അംഗങ്ങൾ നേരിട്ട് പൊലീസ് ആസ്ഥാനം സന്ദർശിച്ച് യോഗം ചേരും. കേസിൽ സാക്ഷിയാക്കിയ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നാളെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകും.

ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. പി.എസ് സരിത്ത്, ഷാജ് കിരൺ, ഇബ്രാഹിം എന്നിവരെ പ്രതിചേർക്കുന്നതിലും അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്ന പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കാൻ ഷാജ് കിരണിന്റെ പരാതിയിലും അന്വേഷണം ആരംഭിക്കും.

By newsten