കൊച്ചി: മുതിർന്ന നടൻ കൊച്ചുപ്രേമന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ കൊച്ചുപ്രേമന്‍റെ കുടുംബത്തോടും മലയാള സിനിമാ സമൂഹത്തോടുമൊപ്പം ദുഃഖം പങ്കുവെച്ചു. ഹാസ്യനടൻ, സ്വഭാവനടൻ എന്നീ നിലകളിൽ ആയാസരഹിതമായി പ്രകടനം നടത്തിയവരിൽ ഒരാളാണ് കൊച്ചുപ്രേമനെന്നും നാടകരംഗത്ത് നിന്ന് ചലച്ചിത്ര അഭിനയത്തിലേക്ക് വന്ന അദ്ദേഹം ദേശീയതലത്തിൽ പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
നാടകത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവരികയും അവിടെയും തന്‍റേതായ ഇടം കണ്ടെത്തുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമൻ എന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ അനുസ്മരണം:
ചലച്ചിത്രതാരം കൊച്ചുപ്രേമന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. ഹാസ്യനടൻ, സ്വഭാവനടൻ എന്നീ നിലകളിൽ ആയാസരഹിതമായി പ്രകടനം നടത്തിയവരിൽ ഒരാളാണ് കൊച്ചുപ്രേമൻ. നാടകത്തിൽ നിന്ന് ചലച്ചിത്ര അഭിനയത്തിലേക്ക് പോയ അദ്ദേഹം ദേശീയതലത്തിൽ പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.