കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവിട്ടു. ഇക്കാര്യത്തിൽ കേസെടുക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പാലം നിർമ്മാണത്തിൻ കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തു. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്ക് ഇടിച്ച് വിഷ്ണു എന്ന യുവാവ് മരിച്ചത് അധികൃതരുടെയും കരാറുകാരൻറെയും അനാസ്ഥ മൂലമാണെന്ന് പരാതിയിൽ പറയുന്നു.
പുലർച്ചെ പുതിയകാവിൽ നിന്ന് ബൈക്കിലെത്തിയ ഏരൂർ സ്വദേശികളായ വിഷ്ണു, ആദർശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ വിഷ്ണു മരിച്ചു. പാലത്തിൻറെ വശത്ത് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്. പോലീസ് സ്റ്റേഷനും തൊട്ടടുത്താണ്. രണ്ട് ടാർ ബാരലുകൾ റോഡിൽ സ്ഥാപിച്ചിരിക്കണം എന്നതൊഴിച്ചാൽ ഇവിടെ ഒന്നുമില്ല. റോഡിനും പാലത്തിനും ഇടയിൽ ഒരു വലിയ ഗർത്തമുണ്ട്. യുവാക്കൾക്ക് ഇതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു.