ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പുകഴ്ത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സാമ്പത്തിക പരിഷ്കരണത്തിന് രാജ്യം മന്മോഹന് സിംഗിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡൽഹിയിലെ ഒരു അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രശംസ.
“1991ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശയാണു കാട്ടിക്കൊടുത്തത്. കാരണം അത് ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതിൽ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കും.” ഗഡ്കരി പറഞ്ഞു
“ഉദാരവല്‍ക്കരണ സാമ്പത്തിക നയം കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു. ദരിദ്രരായ ആളുകള്‍ക്ക് അതിന്റെ നേട്ടങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയുള്ള ഉദാരവല്‍ക്കരണ നയം ഇന്ത്യയ്ക്ക് ആവശ്യമാണ്.” നിതിന്‍ ഗഡ്കരി പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന് ഉദാര സാമ്പത്തിക നയങ്ങൾ എങ്ങനെ സഹായകമാകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ചൈനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.