ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റുമായ പ്രഹ്ലാദ് മോദി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർദ്ധനവും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർദ്ധനവും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയെന്നും മോദി പറഞ്ഞു.
“കിലോഗ്രാമിന് 20 പൈസ മാത്രമാണ് ലാഭം ലഭിക്കുന്നത്. ഇതൊരു ക്രൂരമായ തമാശയാണ്. സഹായം പ്രഖ്യാപിക്കാനും സാമ്പത്തിക പ്രതിസന്ധികൾ അവസാനിപ്പിക്കാനും ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും മോദി പറഞ്ഞു.
കൂടുതൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ ബുധനാഴ്ച ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിക്കാനാണ് തീരുമാനം. ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു അറിയിച്ചു. ന്യായവില സ്ഥാപനങ്ങൾ വഴി നഷ്ടത്തിൽ വിൽക്കുന്ന അരി, ഗോതമ്പ്, പഞ്ചസാര, ധാന്യങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.