തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന് ഉയർന്ന് നിൽക്കാനുളള ഊന്നുവടികളൊന്നും എൽ.ഡി.എഫിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും, അദ്ദേഹം ഇപ്പോൾ ഉയർന്നു നിൽക്കുന്ന ഊന്നുവടി കേരളത്തിലെ യു.ഡി.എഫിനോ കോൺഗ്രസിനോ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെടാനും സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനും ബി.ജെ.പി ദേശീയ നേതൃത്വം നൽകിയ വടിയിൽ അദ്ദേഹം തലയുയർത്തി നിൽക്കുന്നു. തങ്ങൾക്ക് ആ വടി വേണ്ടെന്ന് സതീശൻ പറഞ്ഞു.
മുന്നണിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുമെന്ന് കോൺഗ്രസ് പറഞ്ഞതിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത? സമീപകാലത്ത് മുഖ്യമന്ത്രിക്ക് അരക്ഷിതബോധം ഉയർന്നിട്ടുണ്ട്. ആ അരക്ഷിതാവസ്ഥയാണ് മറ്റുള്ളവരെ പരിഹസിക്കാനും മറ്റുള്ളവരുടെ മേൽ കുതിര കയറാനും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്. യു.ഡി.എഫ് ജനകീയ അടിത്തറ വികസിപ്പിക്കുമെന്ന് പറയുന്നതിൽ മുഖ്യമന്ത്രി ഭയപ്പെടേണ്ടതില്ല.
മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു വിദേശ ഭരണാധികാരിക്ക് കത്തെഴുതിയ കാര്യം പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല. ജലീലുമായി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇതുവരെ സമയം ലഭിച്ചിട്ടില്ല. മന്ത്രിസഭയിലിരിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്ത ജലീലിനോട് ഈ ഗൗരവമേറിയ വിഷയത്തെക്കുറിച്ച് ചോദിക്കാത്തത് ആശ്ചര്യകരമാണെന്നും സതീശൻ പറഞ്ഞു.