കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് ഭയത്തോടെ മാത്രമേ അവിടെ പോകാൻ കഴിയൂ. ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽ ഉപയോഗിക്കും. ഇതോടെ വരുമാനം വർധിപ്പിക്കാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എല്ലാ മാസവും അഞ്ചിനകം ജീവനക്കാർക്ക് ശമ്പളം നൽകാൻ എന്തുചെയ്യാനാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ച് ഈ മാസം 31നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ശമ്പള വിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജി ഓഗസ്റ്റ് രണ്ടിന് ഹൈക്കോടതി പരിഗണിക്കും.