മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇൻഷുറൻസ് കമ്പനി 6.68 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്‍റെ മോഷണം പോയ വാഹനത്തിനാണ് ഇൻഷുറൻസ് കമ്പനി 668796 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.
2018 ജനുവരി എട്ടിനാണ് ഒറ്റപ്പാലത്ത് നിന്ന് മാരുതി സ്വിഫ്റ്റ് കാർ ഒരു ബന്ധുവിന്‍റെ കൈവശമിരിക്കെ മോഷണം പോയത്. ഇതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് ഫസലുൽ ആബിദ് മരിച്ചു. കാർ ഇൻഷുർ ചെയ്ത കമ്പനിയെ ആബിദിന്‍റെ ബന്ധുക്കൾ സമീപിച്ചെങ്കിലും കമ്പനി നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു.
വാഹനത്തിന്‍റെ ഉടമ വാഹനം ശരിയായി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെന്ന് ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. തുടർന്നാണ് ബന്ധുക്കൾ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം ഹർജി നല്‍കിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം.