Spread the love

കൊച്ചി: കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കളക്ടറുടെ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. ജനങ്ങൾക്ക് ഭീഷണിയായ ആകാശപാത പൊളിക്കണമെന്ന എ.കെ.ശ്രീകുമാറിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി സർക്കാരിന്റെ മറുപടി രേഖപ്പെടുത്തുകയും പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തു.

നിർമാണം പാതിവഴിയിലായ ആകാശപാതയുടെ തൂണുകൾ തുരുമ്പെടുത്ത് അപകടകരമായ അവസ്ഥയിലാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. മുകളിലേക്കുള്ള ഗോവണി നിർമിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് പണി നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്. ജില്ലാ കളക്ടറും സംസ്ഥാന സർക്കാരും റോഡ് സുരക്ഷാ അതോറിറ്റിയുമാണ് കേസിലെ എതിർ കക്ഷികൾ.

2016 ഫെബ്രുവരിയിലാണ് കോട്ടയത്തെ അഞ്ച് റോഡുകൾ ചേരുന്നിടത്ത് റോഡ് മുറിച്ചുകടക്കുന്നതിനുപകരം ആളുകൾക്ക് സുരക്ഷിതമായി മുകളിലൂടെ കയറി ഇറങ്ങാൻ സാധിക്കുന്ന ആകാശ പാതയുടെ നിർമ്മാണം ആരംഭിച്ചത്. 5.75 കോടിയുടെ പദ്ധതിക്കായി ഇതിനകം ഒന്നേമുക്കാൽ കോടി ചെലവഴിച്ച് 14 ഇരുമ്പു തൂണുകളിൽ 24 മീറ്റർ ചുറ്റളവിൽ ഇരുമ്പു പ്ലാറ്റ്ഫോം നിർമിച്ചു.

By newsten