കൊച്ചി: മകൾ വീണാ വിജയന്റെ ബിസിനസ് ഇടപാടുകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുൻ മന്ത്രി കെ.ടി ജലീൽ പറയുന്നതുപോലെ അത് അത്ര നിസാരമായ കാര്യമല്ല നടന്നത്. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നതെന്നും സ്വപ്ന പറഞ്ഞു.
2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിലാണ് ചർച്ചകൾ നടന്നതെന്ന് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. പിണറായിയുടെ മകൾക്ക് വേണ്ടി ഷാർജയിൽ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. നളിനി നെറ്റോയും എം ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.