തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥനെ അറസ്റ്റു ചെയ്തതിൽ പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎൽഎ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടണമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം ആഹ്വാനം ചെയ്യുമെന്നും എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.”നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെ. എത്ര പേർക്കെതിരെ ഗൂഢാലോചന കേസെടുക്കുമെന്ന് കാണട്ടെ. ഇതു പിണറായി റിപ്പബ്ലിക് ഒന്നും അല്ലല്ലോ. ഒരു പ്രതിഷേധം പാടില്ലേ? മുദ്രാവാക്യം വിളിക്കാൻ പാടില്ലേ? കരിങ്കൊടി പ്രകടനം നടത്തണമെന്ന് ആഹ്വാനം നൽകാൻ പാടില്ലേ?. അപ്പോഴേക്കും വധശ്രമത്തിനാണോ കേസെടുക്കുന്നത്?’– ഷാഫി ചോദിച്ചു.