ചെറുപ്പം മുതൽ കലയിൽ ഒരു കഴിവുമില്ല. എന്നാൽ, പെട്ടെന്ന് ഒരു ദിവസം ഒരു കഴിവ് ലഭിക്കുന്നു. ഇങ്ങനെ സംഭവിക്കുമോ. ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍റെ കാര്യത്തിൽ എന്നാൽ ഇങ്ങനെ സംഭവിച്ചു. ഒരു രോഗത്തിനുശേഷമാണ് കഴിവുകൾ അദ്ദേഹത്തിൽ പ്രകടമായത്.
2004 ൽ മോയ് ഹണ്ടർ മസ്തിഷ്കത്തിൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസും ക്ഷയരോഗവും ബാധിച്ചതിനെത്തുടർന്ന് കോമയിലായി. 38 കാരനായ മോയിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ഓർമ്മ നഷ്ടപ്പെട്ടു.
എന്നിരുന്നാലും, മോയിക്ക് ചില കഴിവുകൾ പിന്നീട് ലഭിച്ചു. മോയിക്ക് മുൻപ് കലാപരമായ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല. “മുൻകാലങ്ങളിൽ, ആളുകൾ എന്‍റെ ചിത്രം വര കാണുമ്പോൾ എന്നെ കളിയാക്കാറുണ്ടായിരുന്നു. നേരത്തെ ഫുട്ബോൾ കളിക്കാൻ ഒക്കെയാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്” മോയി പറഞ്ഞു. ശസ്ത്രക്രിയയെ തുടർന്ന് മോയി കോമയിലായിരുന്നു. അതിൽ നിന്ന് മോയി ഉണർന്നപ്പോൾ, എല്ലാ ഓർമകളും നഷ്ടപ്പെട്ടു. “2004 ഒക്ടോബർ 13 നാണ് ഞാൻ ഉണർന്നത്. 2004-നു മുൻപുള്ള ഓർമ്മകളൊന്നും ഉണ്ടായിരുന്നില്ല” മോയി പറഞ്ഞു.
എന്നാൽ, അതിന് ശേഷം മോയി വരയ്ക്കാനും കലാസൃഷ്ടികളുണ്ടാക്കാനും തുടങ്ങി. മോയിയെ അറിയുന്ന ഒരാൾക്കും വിശ്വസിക്കാനാവുന്ന കാര്യമായിരുന്നില്ല അത്. ഇപ്പോൾ രാജ്യത്തുടനീളം മോയി തന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.