കോഴിക്കോട്: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളും വിവാദത്തിൽ. ആരോഗ്യ വകുപ്പിലെ 122 താത്കാലിക ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. നിയമനത്തിനായി രൂപീകരിച്ച ഇന്‍റർവ്യൂ കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് പരാതി.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും മേയർ പറഞ്ഞു. പൊതുവെ നിയമന കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്ത് മേയർ ആര്യ രാജേന്ദ്രൻ എഴുതിയതാകില്ലെന്നും കോഴിക്കോട് മേയർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബോധമുള്ള ആര്യയുടെ ഭാഷ ഇങ്ങനെയാണെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിലെ ആരോഗ്യ വകുപ്പിൽ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചിരുന്നു. 122 ഉദ്യോഗാർത്ഥികളുടെ നിയമനത്തിനായി ആയിരത്തോളം ഉദ്യോഗാർത്ഥികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. മേയറുടെ പ്രതിനിധിയുടെയും ആരോഗ്യ വകുപ്പ് സ്ഥിരം സമിതി അധ്യക്ഷയുടെയും നേതൃത്വത്തിൽ രൂപീകരിച്ച ഇന്‍റർവ്യൂ കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. സി.പി.എം പ്രതിനിധികൾ മാത്രം ഉൾപ്പെട്ട ഇന്‍റർവ്യൂ കമ്മിറ്റി പാർട്ടിക്കാരെ നിയമവിരുദ്ധമായി ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായും പരാതിയുണ്ട്.