കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 നാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. സാങ്കേതിക തകരാർ കാരണം യാത്ര തുടരാൻ കഴിയാതെ വന്നതോടെ വിമാനം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും സാങ്കേതിക തകരാർ കാരണം സമാനമായ രീതിയിൽ തിരിച്ചിറക്കിയിരുന്നു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷും വിമാനത്തിലുണ്ടായിരുന്നു.
ഒമാൻ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 554 വിമാനം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പറന്നുയർന്നത്. എന്നാൽ 45 മിനിറ്റിന് ശേഷം വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ വിമാനം അടിയന്തരമായി ഇറക്കി.