Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ തയ്യാറാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഇന്നത്തെ നിലപാട്. കേന്ദ്ര ഫൊറൻസിക് ലാബിൽ കാർഡ് പരിശോധിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചപ്പോൾ, അത് സാധ്യമല്ലെന്നും സംസ്ഥാനത്തെ ലാബുകളുടെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്നും സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

മെമ്മറി കാർഡിലെ ഫയലുകൾ പരിശോധിക്കുന്നത് കാർഡിൻറെ ഹാഷ് മൂൽയത്തിൽ മാറ്റത്തിൻ ഇടയാക്കുമെന്ന് സംസ്ഥാന ഫോറൻസിക് ലാബ് അസിസ്റ്റൻറ് ഡയറക്ടർ കോടതിയെ അറിയിച്ചു. സെൻട്രൽ ഫോറൻസിക് ലാബിൽ കാർഡ് പരിശോധിക്കുന്നതിനെ എന്തിനാണ് നേരത്തെ എതിർത്തതെന്ന് കോടതി ചോദിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം, അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ക്രൈംബ്രാഞ്ചിൻറെ പുതിയ തന്ത്രമാണിതെന്ന് ദിലീപിൻറെ അഭിഭാഷകൻ വാദിച്ചു. പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചാൽ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പരിശോധനയ്ക്ക് സമയപരിധി നിശ്ചയിക്കാമെന്ന് കോടതി മറുപടി നൽകി. കേസിൽ വാദം കേൾക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

By newsten