നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറയുക. മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ പഴയ രേഖകൾ ഹാജരാക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി രാമൻ പിള്ള പറഞ്ഞു. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായ ദിവസം ദാസനെ കണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിപിൻ ലാലിന് അയച്ച ഭീഷണിക്കത്ത് പൊലീസ് ഉണ്ടാക്കിയതാണ്. കത്തിന്റെ കൃത്രിമ സൃഷ്ടിയ്ക്ക് പിന്നിൽ അന്വേഷണ ഏജൻസികളാണെന്നും പ്രതിഭാഗം പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്ന പ്രോസിക്യൂഷന്റെ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ പഴയ രേഖകൾ ഹാജരാക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് നുണയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഹർജി ചൊവ്വാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.