നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതിയിൽ തുടരും. പ്രതിഭാഗത്തിൻറെ വാദങ്ങൾ കോടതിയിൽ നടക്കും. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻറെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിൻറെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻറെ നീക്കം. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് നീക്കങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷൻറെ ആരോപണം.
ദിലീപ് ഉൾപ്പെടെയുള്ളവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻറെ വാദങ്ങൾ പൂർത്തിയായതോടെ പ്രതിഭാഗത്തിൻറെ വാദങ്ങൾ കോടതിയിൽ നടക്കുകയാണ്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.