Spread the love

ചെന്നൈ : ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ കരാറിലെ പ്രധാന കണ്ണിയായി താലി കണക്കാക്കപ്പെടുന്നു. ഭർത്താവിന്‍റെ മരണശേഷം മാത്രമാണ് താലി നീക്കം ചെയ്യുന്നതെന്നും അതിനാൽ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിക്കുന്നത് ഭർത്താവിന് കടുത്ത മാനസിക പീഡനമാണെന്നും കോടതി നിരീക്ഷിച്ചു.

ഈറോഡ് മെഡിക്കല്‍ കോളേജ് പ്രഫസർ ശിവകുമാറിന്‍റെ വിവാഹമോചന ഹർജിയിൽ അനുകൂല വിധി പ്രസ്താവിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് വി.എം വേലുമണി എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിധി. 2016 ജൂൺ 15ന് കുടുംബ കോടതി വിവാഹമോചനം നിഷേധിച്ച കേസിൽ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

വിചാരണയ്ക്കിടെ താലിമാല ഊരിമാറ്റിയതായി ഭാര്യ കോടതിയിൽ സമ്മതിച്ചിരുന്നു. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം താലി കെട്ടണമെന്ന് നിർബന്ധമില്ലെന്നും താലി നീക്കം ചെയ്തുവെന്ന വാദം ശരിയാണെങ്കിൽ പോലും അത് വിവാഹത്തെ ബാധിക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, താലി കെട്ടുന്നത് ഒരു വിവാഹ ചടങ്ങിലെ ഏറ്റവും അനിവാര്യമായ കാര്യങ്ങളിൽ ഒന്നാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്ന് കോടതി പറഞ്ഞു.

By newsten