ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ ശിവസേനയുടെ താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും ചീഫ് വിപ്പിനെയും മാറ്റിയ നീക്കത്തിനെതിരെയാണ് ഹർജി. അതേസമയം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി.
വിനായക് റൗത്തിനെ സഭയിലെ ശിവസേനയുടെ പാർട്ടി നേതാവ് സ്ഥാനത്തു നിന്നും രാജൻ വിചാരയെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ തീരുമാനത്തിനെതിരെയാണ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും സുപ്രീം കോടതിയിൽ ഹർജി നൽകി. രാഹുൽ ഷെവാലെയെ സഭയിലെ പാർട്ടി നേതാവായും ഭാവന ഗവാലിയെ വിപ്പായും നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി പഴയത് പുനഃസ്ഥാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറിയ 12 എംപിമാർ ജൂലൈ 19ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ തീരുമാനം.
സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ സ്പീക്കർ പാലിച്ചില്ലെന്ന് താക്കറെ വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, മന്ത്രിസ്ഥാനം സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് ബിജെപി നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തും. പുതിയ സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസമായിട്ടും, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരടങ്ങുന്ന രണ്ടംഗ മന്ത്രിസഭ മാത്രമാണ് മഹാരാഷ്ട്രയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച ബി.ജെ.പി പ്രധാന വകുപ്പുകൾക്ക് അവകാശവാദമുന്നയിക്കുമ്പോഴും താക്കറെ പക്ഷത്ത് നിന്ന് അദ്ദേഹത്തോടൊപ്പം വന്ന നേതാക്കൾക്ക് വാഗ്ദാനം ചെയ്ത പദവികൾ നൽകാനാവാത്തതാണ് ഷിൻഡെ നേരിടുന്ന പ്രതിസന്ധി.