തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ദുർഭരണം സംസ്ഥാനത്തെ ദുർബലമാക്കിയെന്ന് രാഹുൽ പറഞ്ഞു. മെച്ചപ്പെട്ട ഭാവി തേടുന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ ഫലമാണ് സംസ്ഥാന രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന രൂപീകരിച്ച ദിവസം തന്നെ കോൺഗ്രസ് ടിആർഎസിനെ വിമർശിച്ചിരുന്നു.
“ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന, മെച്ചപ്പെട്ട ഭാവിക്കായുള്ള ജനങ്ങളുടെ അഭിലാഷത്തിൽ നിന്നാണ് ജനിച്ചത്. കോൺഗ്രസ് പാർട്ടിയും സോണിയാ ഗാന്ധിയും ജനങ്ങളുടെ ശബ്ദം കേൾക്കുകയും തെലങ്കാന എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തതിൽ എനിക്ക് അഭിമാനമുണ്ട്.
“കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് നടക്കുന്നത് ദുർഭരണമാണ്. തെലങ്കാനയെ ഒരു മാതൃകാ സംസ്ഥാനമായി കെട്ടിപ്പടുക്കാനും കർഷകർ, തൊഴിലാളികൾ, ദരിദ്രർ എന്നിവരുൾപ്പെടെ എല്ലാവരുടെയും അഭിവൃദ്ധി ഉറപ്പാക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. 2014 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം പാർലമെന്റിൽ പാസാക്കിയതിന് ശേഷം കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് തെലങ്കാന രൂപീകരിച്ചത് ഈ ദിവസമാണ്.