Spread the love

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഡോ.എം.എസ്. രാജശ്രീക്ക് പകരം നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസ് ഗവർണറെ കണ്ടു. സർവകലാശാലയുടെ ചുമതല ഏറ്റെടുക്കാനെത്തിയപ്പോൾ നേരിട്ട തടസ്സങ്ങൾ ഗവർണറോട് വിശദീകരിച്ചു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും വിശദീകരണം വാങ്ങി റിപ്പോർട്ട് ചെയ്യണമെന്ന് ഗവർണർ നിർദ്ദേശിച്ചു. സർവകലാശാലയുടെ ഭരണസമിതി ഉൾപ്പടെ നിസ്സഹകരിക്കുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉടൻ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും ഗവർണർ നിർദ്ദേശിച്ചു.

ഇന്നും വി.സി സർവകലാശാലയിൽ ഹാജരായില്ല. പകരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലാണ് സർവകലാശാലയുടെ ഫയലുകൾ പരിശോധിച്ചത്. ഏതാനും വിദ്യാർത്ഥികൾ ഗേറ്റിന് പുറത്തും സർവകലാശാലാ ജീവനക്കാരിൽ ഒരു വിഭാഗം വിസിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പകരം മറ്റ് കോളേജുകളിലെ വിദ്യാർത്ഥികൾ ആണ് ഗേറ്റിന് മുന്നിൽ പ്രതിരോധം തീർത്തതെന്നാണ് വിവരം.

By newsten