മുക്കം: സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ നട്ടുവളർത്തി വിളവെടുത്ത ചോളം അധ്യാപകർ വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി. വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂൾ പരിസരത്ത് വിളവെടുത്ത ചോളമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
ലിന്‍റോ ജോസഫ് എം.എൽ.എ.യാണ് നൂറ് ദിവസത്തിലേറെയായി സ്കൂൾ പരിസരത്തെ ഹരിതാഭമാക്കിയിരുന്ന ചോളം കഴിഞ്ഞ ദിവസം വിളവെടുത്തത്.കുട്ടികൾ നട്ടു നനച്ച ചോളം പറിച്ചെടുത്ത് അവരുടെ മുന്നിൽ വച്ചു തന്നെ പൊരിയാക്കി മാറ്റിയത് കുഞ്ഞു മനസ്സുകളിൽ ഉത്സവസമാനമായ കാഴ്ചകളൊരുക്കി.
ചോളപ്പൊരിക്കച്ചവടം നടത്തുന്ന ഉസൈൻ അരീക്കൽ സഹായത്തിനെത്തിയതും കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. സ്കൂളിലെ പ്രീ-പ്രൈമറി മുതൽ എട്ട് വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിനായി ചോളം വിത്തുകളും വിതരണം ചെയ്തു. കുന്ദമംഗലം ബി.പി.സി. പി.കെ.മനോജ് കുമാറാണ് ചോളം വിത്ത് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ജിജോ തോമസ്, ജിൽസ് തോമസ്, ഡോൺ ജോസ്, കെ.ജെ ഷെല്ലി, സിസ്റ്റർ ജെയ്സി ജെയിംസ്, കെ.പി.പി.പ്രജിത, സ്കൂൾ ലീഡർ കെ.പി. നഷ എന്നിവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ കരനെല്ല്, വിവിധയിനം പച്ചക്കറികൾ,മുളങ്കൂട്ടങ്ങൾ എന്നിവയും പരിപാലിക്കുന്ന സ്കൂൾ ഹരിത കേരളം മിഷന്റെ ഹരിതവിദ്യാലയം പുരസ്‌കാരവും നേടിയിട്ടുണ്ട്.