ചെന്നൈ: തമിഴ്നാട്ടിൽ, പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയേക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭിന്നശേഷിക്കാർക്ക് തമിഴ്നാട് നൈപുണ്യ വികസന കോർപ്പറേഷൻ പരിശീലനവും സൗജന്യ ലാപ്ടോപ്പും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ , സ്വകാര്യ മേഖലകളിൽ ഉന്നതതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാർശകൾക്കനുസൃതമായി ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ നൽകും. മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്യാൻ കഴിയുന്ന വിധത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകും.
ഭിന്നശേഷിക്കാർക്ക് നൽകുന്ന പ്രതിമാസ പെൻഷൻ ജനുവരി ഒന്നു മുതൽ 1,000 രൂപയിൽ നിന്ന് 1,500 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആകെ 4,39,315 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 263.58 കോടി രൂപയുടെ അധികബാധ്യത സർക്കാർ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.