കാബൂള്‍: മരിച്ച് ഒൻപത് വർഷത്തിന് ശേഷം മുല്ല ഒമറിന്‍റെ ശവകുടീരം എവിടെയാണെന്ന് താലിബാൻ വെളിപ്പെടുത്തി. സംഘടനയുടെ സ്ഥാപകൻ മുല്ല ഒമറിന്‍റെ മരണവാർത്തയും അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലവും വർഷങ്ങളായി താലിബാൻ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
2001ലെ യുഎസ് അധിനിവേശത്തിൽ താലിബാന് അധികാരം നഷ്ടപ്പെട്ട ശേഷം, ഒമറിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 2015 ൽ, അദ്ദേഹത്തിന്‍റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ്, 55ാം വയസ്സിൽ ഒമർ മരിച്ചതായി താലിബാൻ വെളിപ്പെടുത്തിയത്.
ഒമറിന്‍റെ ശവകുടീരം സാബുള്‍ പ്രവിശ്യയിലെ ഒമാര്‍സോയിലാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ഞായറാഴ്ച ഖബറിടത്തില്‍ നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തതായും സബീഹുള്ള പറഞ്ഞു.