Spread the love

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. ഒക്ടോബർ 1 ശനിയാഴ്ച മുതൽ രാജ്യത്ത് പാക് കറൻസി നിരോധനം പ്രാബല്യത്തിൽ വന്നു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചതായി താലിബാൻ രഹസ്യാന്വേഷണ ഏജൻസിയും അറിയിച്ചു.

ഇതോടെ താലിബാൻ പാകിസ്ഥാനിൽ നിന്ന് കൂടുതൽ അകന്ന് പോകുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിൽ, പാകിസ്ഥാൻ രൂപയുടെ കൈമാറ്റം, വ്യാപാരം, കറൻസി വിനിമയം എന്നിവയുൾപ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിച്ചു. 5,00,000 പാക് രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ നടത്തുന്നതിൽ നിന്ന് മണി എക്സ്ചേഞ്ച് ഡീലർമാർക്ക് വിലക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിശ്ചിത തുകയിൽ കൂടുതൽ കണ്ടെത്തിയാൽ ഡീലർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. 

താലിബാൻ രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പ്രാബല്യത്തിൽ വന്ന അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം അഫ്ഗാനിസ്ഥാൻ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. രാജ്യത്തെ സാധാരണ പൗരൻമാർ ഭക്ഷണം ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ നടത്തുന്നത് പാകിസ്ഥാൻ രൂപ ഉപയോഗിച്ചാണ്. ഈ സമയത്താണ് പാകിസ്ഥാൻ രൂപ ഉപയോഗിച്ചുള്ള വ്യാപാരം നിരോധിച്ച് താലിബാൻ ഉത്തരവിറക്കിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം, അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതും പാകിസ്ഥാനിൽ നിയമവിരുദ്ധമായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) വീണ്ടും ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു..  

By newsten