Spread the love

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെപാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് കൊണ്ടുപോയത് വിജിലൻസ് സംഘം. ബുധനാഴ്ച രാവിലെയാണ് വിജിലൻസിൻറെ പാലക്കാട് യൂണിറ്റ് സരിത്തിനെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിജിലൻസിൻറെ വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിൻറെ നിർദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് ലഭിച്ച ശേഷം സരിത്ത് സ്വമേധയാ ഒപ്പമുണ്ടായിരുന്നെന്നും വിജിലൻസ് പറഞ്ഞു. സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലൻസ് അറിയിച്ചിട്ടുണ്ട്.

അതേസമയം സരിത്തിനെ കൊണ്ടുപോയത് വിജിലൻസ് ആണെങ്കിൽ ആദ്യം എടുക്കേണ്ടത് ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. എന്തിനാണ് സരിത്തിനെ വിജിലൻസ് കൊണ്ടുപോയത്? അങ്ങനെയെങ്കിൽ ശിവശങ്കറിനെ ആദ്യം കൊണ്ടുപോകണം, പിന്നെ സ്വപ്നയെ എടുക്കണം, എന്നിട്ട് സരിത്തിനെ കൊണ്ടുപോകണം. ഒരു അറിയിപ്പുമില്ലാതെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്? രാഷ്ട്രീയം ഒരു വൃത്തികെട്ട കളിയാണ്, എനിക്ക് ഭയമില്ല, വീട്ടിലുള്ളവരെയും എന്നെ സഹായിക്കുന്നവരെയും തട്ടിക്കൊണ്ടുപോകുന്നതിനുപകരം എന്നെ കൊല്ലുക,” അവർ പറഞ്ഞു. സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇക്കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുമെന്നും സ്വപ്ന പറഞ്ഞു.

സരിത്തിനെതിരെ ഇനി എഫ്.ഐ.ആർ ഇല്ല. തൻറെ പേരിലാണ് കേസിൽ ജാമ്യം അനുവദിച്ചത്. പിന്നെ എന്തിനാണ് അവരെ തട്ടിക്കൊണ്ടുപോകുന്നതെന്നും ഇതാണോ കേരള പൊലീസിൻറെ നിലവാരമെന്നും അവർ ചോദിച്ചു. തനിക്കും ഒപ്പമുള്ളവർക്കും മുഖ്യമന്ത്രി സംരക്ഷണം ഉറപ്പാക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.

By newsten