കൊച്ചി: ഞായറാഴ്ച ലഹരി വിരുദ്ധ കാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് സീറോ മലബാർ സഭ. കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുന്നതിനുള്ള ദിവസമാണ് ഞായറാഴ്ചയെന്ന് സഭ പറയുന്നു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളുകളിൽ നടത്താനിരുന്ന ലഹരി വിരുദ്ധ കാമ്പയിൻ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
അതേസമയം, ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ബോധവൽക്കരണ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കും. അധ്യാപകർ വഴി രക്ഷിതാക്കൾക്കിടയിലും അതുവഴി വിദ്യാർത്ഥികൾക്കിടയിലും അവബോധം സൃഷ്ടിച്ച് മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 5,08,195 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകും. സർക്കാർ സ്കൂളുകളിൽ നിന്നുള്ള 91,374 വിദ്യാർത്ഥികൾക്കും എയ്ഡഡ് തലത്തിൽ 2,56,550 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് മേഖലയിൽ നിന്നുള്ള 1,60,271 വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നൽകും. ആകെ 22,043 അധ്യാപകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള, എക്സൈസ്, പോലീസ്, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിപുലമായ പരിപാടികളാണ് ഒക്ടോബർ 2 മുതൽ നവംബർ 1 വരെ ആസൂത്രണം ചെയ്തിരിക്കുന്നത്. ലഹരിമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിന്റെ നിയമ വശങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി എക്സൈസ് വകുപ്പും, ലഹരി മരുന്ന് മനുഷ്യനുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകി ആരോഗ്യവകുപ്പും പരിശീലന പരിപാടിയിൽ പങ്കെടുക്കും.