കോട്ടയം: സ്വീപ്പര്‍മാരെ ഡയറക്ടറുടെ വീട്ടിലെ ജോലിക്ക് പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിൽ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്ന് രാവിലെ മുതൽ ക്ലാസുകൾ ബഹിഷ്കരിക്കുകയും അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ മേഖലകളിലുമുള്ള വിദ്യാർത്ഥികൾ സമരത്തിന്റെ ഭാഗമാണെന്ന് സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡന്റ് ശ്രീദേവ് പറഞ്ഞു. സമരത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്നും ശ്രീദേവ് കൂട്ടിച്ചേർത്തു.
സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് സ്വീപ്പർമാരെ അറിയിച്ചത്. വീടിന് പുറത്തുള്ള ശുചിമുറിയിൽ കുളിച്ച ശേഷം മാത്രമേ ഡയറക്ടറുടെ വീട്ടിൽ കയറാവൂ എന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസിൽ 32 കാരിയായ പരാതിക്കാരി ഉൾപ്പെടെ മൂന്ന് പേരെ ദിവസ വേതനത്തിന് സ്വീപ്പർമാരായി നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന മാനേജിംഗ് ഡയറക്ടർമാർക്ക് 65 എന്ന ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടും പ്രസ്തുത ഉത്തരവ് മുക്കിയ ഡയറക്ടർ 68-ാം വയസ്സിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തുടരുകയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത് സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്.
സ്ഥാപനത്തിലെ സ്വീപ്പർമാരെ സ്വന്തം വീട്ടുജോലി ചെയ്യിപ്പിച്ച ഡയറക്ടർ ക്ലറിക്കൽ തൊഴിലാളികളോടും വിദ്യാർത്ഥികളോടും പോലും ജാതിയുടെ പേരിൽ വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. 2022 ബാച്ചിൽ നാല് സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്സുകളിലെ സീറ്റുകൾ ഒഴിയരുതെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും ശരത് എന്ന ദളിത് വിദ്യാർത്ഥിക്ക് ഡയറക്ടർ സീറ്റ് നിഷേധിച്ചതായും വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥികൾക്കുള്ള ഫീസ് ഇളവുകൾ യഥാസമയം ലഭ്യമാക്കാത്തതിനാൽ ചില വിദ്യാർത്ഥികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു.