യോഗേൻ ഷാ തന്റെ നടപ്പ് തുടങ്ങിയിട്ട് വർഷം രണ്ടായി. വെറുതേയങ്ങ് നടക്കുകയല്ല അദ്ദേഹം. സുസ്ഥിര ജീവിതശൈലിയുടെ ആശയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് വഡോദരയിൽ നിന്നുള്ള ഈ അധ്യാപകൻ തന്റെ പദയാത്ര തുടരുന്നത്. ഇതിനോടകം തന്നെ 14,300 കി.മീ അദ്ദേഹം സഞ്ചരിച്ച് കഴിഞ്ഞു. 4 വർഷം കൊണ്ട് 40,000 കി.മീ പൂർത്തിയാക്കുകയെന്നതാണ് ലക്ഷ്യം.
മത്സര പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം നൽകുന്ന അധ്യാപകനാണ് ഈ 42 കാരൻ. കൂടാതെ ഗുജറാത്തിലെ പഞ്ച്മഹർ പ്രദേശത്തെ ആദിവാസി വിദ്യാർത്ഥികളുടെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടി വിവിധ എൻ.ജി.ഒ കളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. മകൻ സൗമിത്രും, അനുയായികളുമാണ് അദ്ദേഹത്തിന് പ്രചോദനം നൽകുന്നത്.
2020 ജൂൺ 15 ന് വഡോദരയിൽ നിന്നാരംഭിച്ച യാത്രയുടെ ആദ്യഘട്ടത്തിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡീഗഡ്, എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടു. മഹാരാഷ്ട്ര, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ താണ്ടി കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. 2002 ൽ ഇംഗ്ലണ്ടിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം കടുത്ത പുറംവേദന മൂലം തിരിച്ച് വരികയായിരുന്നു. ഓട്ടോ ഇമ്മ്യൂൺ രോഗമായ ആംകൈലോസിങ് ആണെന്നറിഞ്ഞതോടെ ജീവിതശൈലിയിൽ മാറ്റം വരുത്തി. യാതൊരുവിധ മരുന്നുകളും അദ്ദേഹം ഇന്ന് ഉപയോഗിക്കുന്നതേയില്ല. ഗോവയിൽ നിന്നുള്ള 19കാരനായ ശിഷ്യൻ ഹർഷൽ വോറയും അദ്ദേഹത്തോടൊപ്പമുണ്ട്.